സാലിസ്ബറി: സാലിസ്ബറിയിൽ ക്രിക്കറ്റ് ആവേശത്തിന്റെ കൊട്ടിക്കലാശത്തിനായി ഇനി മണിക്കൂറുകൾ മാത്രം. സാലിസ്ബറി മലയാളി അസോസിയേഷൻ (എസ്എംഎ) സംഘടിപ്പിക്കുന്ന സീനാ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കായുള്ള ആറാമത് ടി10 ക്രിക്കറ്റ് ടൂർണമെന്റ് ഞായറാഴ്ച നടക്കും.
റോംസിയിലെ ഹണ്ട്സ് ഫാം പ്ലെയിംഗ് ഫീൽഡിൽ രാവിലെ എട്ടിന് ആരംഭിക്കുന്ന ടൂർണമെന്റ് കേരള ക്രിക്കറ്റ് മുന്‍ താരവും മുംബൈ ഇന്ത്യൻസ് മുൻ താരവുമായ ബേസില്‍ തമ്പി ഉദ്ഘാടനം ചെയ്യും. ടൂർണമെന്റിന് വേദിയാകുന്ന ഹണ്ട്സ് ഫാം പ്ലെയിംഗ് ഫീൽഡിലെ മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു.
യുകെയിലെ കരുത്തരായ എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് കാഷ് പ്രൈസായി 1200 പൌണ്ടും സീന മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ആണ് ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് 600 പൗണ്ട് കാഷ് പ്രൈസും ട്രോഫിയും ആണ് ലഭിക്കുക.
ഗ്രൂപ്പ് എയിൽ കോവെൻട്രി ബ്ലൂസ്, ഡാർക്ക് ഈഗിൾസ്, ബ്രീമോർ ദ്രവിഡിയൻ സിസി സാലിസ്ബറി, എസ്എം 24 ഫോക്സ് XI എന്നിവരും ഗ്രൂപ്പ് ബിയിൽ എൽജിആർ, സ്വിൻഡൺ സിസി, റോയൽ ഡെവൺ, ഷാഫ്റ്റസ്ബറി മല്ലു വില്ലേജ് ക്ലബ് തുടങ്ങിയവരും ആണ് മത്സരിക്കുക.